Tuesday, September 23, 2014

ഇന്ന് ലോക സൈക്കിൾ ദിനം: എൻറെ കുട്ടിക്കാലത്തെ അതിസാഹസികതയെന്നാൽ, വല്ലപ്പോഴും കൂട്ടം കൂടി ഒഴിവു ദിവസങ്ങളിൽ ഭാരതപുഴയിൽ പോയി ചാടിമറിയുക, അല്ലെങ്കിൽ ഒരു സൈകിളുമെടുത്തു 2 മണിക്കൂറെങ്കിലും ചവിട്ടി തീർക്കുക എന്നതൊക്കെയായിരുന്നു. ഇന്ന് കാണുന്ന റെന്റ്-എ-ബൈകിനും, റെന്റ്-എ-കാറിനും ഞങ്ങടെ നാട്ടിൽ തുടക്കമിട്ടവരിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന ആലൂരിലെ സദുവേട്ടൻ, ബക്കർക്ക, ഗോവിന്ദൻ നായരുമൊക്കെയായിരുന്നു പ്രചോദനം. അന്നും വാടകയ്ക്ക് കിട്ടണമെങ്കിൽ എവിടുത്തെ കുട്ടിയാണ്, എങ്ങോട്ടാണ് പോകുന്നത്, എവിടുന്നാണ് പൈസ തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ഉത്തരം നല്കണം... അല്ലെങ്കിൽ പിന്നാലെ വരുന്ന രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് സൈക്കിൾ ഷോപ്പ്കാരനും മറുപടി കൊടുത്തു മടുക്കും. അര മണിക്കൂറിനു 50 പൈസയും, 1 മണിക്കൂറിനു 1 രൂപയുമെന്ന തോതിലായിരുന്നു വാടക. ഇടയിൽ ബ്രേക്ക്ഡൌണ്‍ ആയാലും വാടകപൈസ മുഴുവൻ കൊടുക്കണം, വാടക സമയമായ ഒരു മണിക്കൂറിൽ മിക്കപ്പോഴും ആഞ്ഞു ചവിട്ടിയാൽ ചങ്ങല കുടുങ്ങിയും, ഇടയ്ക്കു പഞ്ചർ ആയും സമയം തീർക്കും. കൂട്ടത്തിൽ സീറ്റ് ഇളകിയതും, പെഡലിന്റെ ചവിടുന്ന സ്റെപ്പിനു പകരം സ്റ്റീലിന്റെ ഒരു കമ്പി മാത്രമേ ഉണ്ടാകൂ. ബ്രേക്ക്‌ എന്ന സാധനം പേരിനു മാത്രമുള്ളവയും ഇവിടുന്നു പിടിച്ചാൽ അടുത്ത വേലിപൊന്തയിൽ പോയിട്ടേ നിൽകൂ. ഹാൻഡിൽ ഇടയ്ക്കിടെ ലൂസ് ആയി കോടിയുള്ളവയുമായിരിക്കും, മിക്കവയും. ഹോണ്‍ ആയ ബെൽ മാത്രം അടിഞ്ഞു ശബ്ദമുണ്ടാക്കില്ലെങ്കിലും, ബാക്കി ഭാഗങ്ങളൊക്കെ തന്നെ കട കടാ ശബ്ദം ശബ്ദമുണ്ടാക്കും. എങ്കിലും ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നില്ല, അത് കിട്ടാൻ തന്നെ മത്സരവുമായിരുന്നു. ഹൈസ്കൂൾ കാലം, സമരം കൊണ്ടോ മറ്റോ ഞങ്ങൾക്കന്നു സ്കൂൾ ഉണ്ടായിരുന്നില്ല. കരുതി വെച്ചിരുന്ന 1 രൂപയെടുത്ത് ബകർക്കാന്റെയടുത്തു പോയി, അവിടുന്നൊരു ഫുൾ വണ്ടിയുമെടുത്ത്‌ (അന്ന് കാൽ വണ്ടി, അര വണ്ടി, മുക്കാൽ വണ്ടി എന്നൊക്കെ വിവിധ ഹൈറ്റിൽ സൈക്കിൾ ഉണ്ടായിരുന്നു, ഞങ്ങൾ അങ്ങിനെയാണ് വിളിച്ചിരുന്നത്) ആലൂരിലേക്ക്..!! മറ്റൊന്നും കൊണ്ടല്ല, ഞാൻ പഠിച്ച സ്കൂളിന്റെ മുന്നിലൂടെ അധ്യാപകരെയൊക്കെ കാണിച്ചു, നിവർന്നിരുന്നു കൈയൊക്കെ വിട്ടുകൊണ്ടൊരു സൈക്കിൾ സവാരി, അതായിരുന്നു ലക്‌ഷ്യം. സംഗതി ആകെ പുലിവാലായി, സ്കൂൾ വിട്ട സമയം, റോഡ്‌ ആണെങ്കിൽ ആ ഭാഗം മുതൽ കുത്തനെ ഇറക്കമാണ്. ബ്രേക്ക് അതുവരേം പിടിച്ചു നോക്കേണ്ടി വന്നിട്ടില്ലതതിനാൽ പ്രയോഗിചിട്ടുണ്ടായിരുന്നില്ല, ഇവിടെ അതു ശരിയാകില്ല, കുട്ടികൾ റോഡിൽ നിറയെ പരന്നൊഴുകുന്നു, ബെൽ അടിച്ചു, മണി അടിയുന്നില്ല...!!!! ബ്രേക്ക് പിടിച്ചു, സൈക്കിൾ നിൽകുന്നില്ല...!!! അവസാനം ഒന്ന് രണ്ടു സ്കൂൾ കുട്ടികളേം ഇടിച്ചു തെറിപ്പിച്ചു കൊണ്ട്, അടുത്ത കാനയിലേക്ക് ‘പ്ധീം, ‘ദേ കിടക്കുന്നു’.

കുഞ്ഞുങ്ങളുടെ ചുണ്ടിൽ നാരങ്ങ നീര് തേച്ച പോലെ, ഒരു മ്ണാഞ്ചൻ ചിരി പാസാക്കി ചുറ്റും പരിചയക്കാർ ആരെങ്കിലും കണ്ടോ എന്ന് നോക്കി. അറിയുന്നവരും മുതിർന്നവരും, ഇല്ലെന്നുറപ്പ് വരുത്തി സൈക്കിളെടുത്തുകൊണ്ട്, ഇടിച്ചു തെറിപ്പിച്ച കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, കാൽമുട്ട് കാനയിൽ ഇടിച്ചു മുഴച്ചത് ഒന്നമര്ത്തി തടവാൻ നിൽകാതെ, വേദന കടിച്ചമർത്തി സ്ഥലം വിട്ടു. ഒരു മണിക്കൂറിനെടുത്ത സൈകിൾ 10-20 മിനിട്ടിനുള്ളിൽ തന്നെ തിരിചെത്തിച്ചപ്പോൾ “ഇതാ അര മണിക്കൂർ കഴിഞ്ഞു ബാക്കി 50 പൈസ വേണ്ടേ” എന്ന ബക്കര്ക്കാടെ ചോദ്യത്തിന് പോലും നിൽക്കാതെ സൈകിൾ വെച്ചോടി, അതുവരെ സഹിച്ച വേദന ഇപ്പൊ എനിക്ക് താങ്ങുന്നില്ല, ഇടവഴിയിലൂടെ കരഞ്ഞു കൊണ്ട് തന്നെ മുടന്തി വേച്ചു വേച്ചു വീട്ടിലേക്കു പോയി. കാലു മുഴച്ചത് കണ്ടു, ഉമ്മ മനസ്സിൽ വിഷമം, തൈലം പുരട്ടി, വേറെ ഒന്ന് രണ്ടിടത് തോൽ ഉരഞ്ഞത്‌ തുടച്ചു വൃത്തിയാക്കി, ഉപ്പ കണ്ടാൽ നിന്നെ ചീത്ത പറയില്ലേ എന്നും പറഞ്ഞു ഒരിടത്തു കിടത്തി.. ആ കിടപ്പിൽ അങ്ങിനെ അധികം നേരമായിട്ടുണ്ടാവില്ല, പടിക്കൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും, കൂടെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് രണ്ടു ശബ്ദങ്ങളും. ചെവിയോർത്തപ്പോൾ, അത്യാവശ്യം ആളുകളുണ്ട്, ഒരു ചെറിയ സംഘം തന്നെ. കാര്യം എനിക്ക് പിടി കിട്ടി, നെഞ്ചിന്റെ പടപടപ്പ്‌ കൂടി..!! കുഴഞ്ഞു വീഴും പോലെ തോന്നി, ഇപ്പോൾ എൻറെ കാലുകൾക്ക് ഓടാനുള്ള ശക്തിയില്ല, പോരാത്തതിന് വേദനയും…… അല്ലെങ്കിൽ ഒന്നോടാമായിരുന്നു.. മാഷില്ലേ ഇവിടെ? പൂമുഖം വഴി ആരാണെന്നും ചോദിച്ചു കൊണ്ട് ഉപ്പ പുറത്തിറങ്ങി. സാക്ഷിയായി വന്ന എൻറെ സഹപാഠിയുടെ അനിയൻ കുട്ടി (അവനെന്നെ കണ്ടിരിക്കുന്നു, നന്നായി അറിയാമായിരുന്നു) എൻറെ വീരകൃത്യം കൃത്യമായി വിശദീകരിച്ചു കൊടുക്കുന്നു. പിന്നെ അകതെക്കൊരു വരവായിരുന്നു, കൊടും കാറ്റ് കണക്കെ, തിരിച്ചു പുറത്തേക്കു വരുമ്പോൾ ഒരു കയ്യിൽ നിലത്തു കൂടെ എന്നെ വലിചിഴച്ചും കൊണ്ട്. അകമ്പടിയായി “പ്തോം” “പ്തോം” എന്ന ശബ്ദത്തിൽ പുറത്തും കയ്യിനുമോക്കെയായി പതക്കങ്ങളും.. ഉമ്മ മധ്യസ്ഥതിനു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. ശുഭം..

No comments:

Post a Comment