Tuesday, September 23, 2014

ഒരു ചെറുകഥ: പുലര്ച്ചെ മൂന്നു മണിക്ക് തന്നെ അലാറം പതിവ് മണിയടിച്ചു. എങ്കിലും കണ്ണ് തെളിയാത്തത് കൊണ്ട് എ.സിയുടെ തണുപ്പിൽ കമ്പിളിയിലേക്ക് തല ഒന്ന്കൂടി പൂഴ്‌ത്തി വെച്ച്, കണ്ണടച്ചുവെങ്കിലും മിനിട്ടുകൾക്കകം തന്നെ വീണ്ടും ഉണർന്നു. മറ്റുള്ളവർക്ക് ശല്യമാകണ്ടെന്നു കരുതി മുറിയിലെ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ വാതിൽ പതുക്കെ തള്ളി തുറന്നു പുറത്തേക്ക് കടന്നു. തലക്കരികെ വെച്ചിരുന്ന ബീഡിയും ലൈറ്ററും എണീറ്റ് പോരുമ്പോൾ, തപ്പി കയ്യിലെടുത്തിരുന്നു. കൈ രണ്ടും മുകളിലേക്കുയർത്തി, നടുനിവർന്നു, അലസത മാറ്റാനായി വലിയൊരു 'കോട്ടുവാ' വിട്ട ശേഷം, കയ്യിലെ ലൈറ്റര്കൊണ്ട് തന്നെ സ്റ്റൗവിൽ ചായക്കു വെള്ളം കത്തിച്ചു. പ്രകൃതിയുടെ വിളിക്കുത്തരം കൊടുക്കണമെങ്കിൽ ചൂടുള്ള ചായയും പിന്നൊരു ബീഡി പുകയും അകത്തേക്ക് ചെല്ലണം; അതാണ്‌ പതിവ്…!! ചായ തിളയ്ക്കുന്നതിനെടുക്കുന്ന കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ, ഇന്നലെ വായിച്ച കത്തിലെ വരികളും, റെക്കോർഡ്‌ ചെയ്തു കൊടുത്തയച്ച കാസറ്റിലെ കുഞ്ഞുമോളുടെ കിളികൊഞ്ചലും, പാട്ടും, കൊച്ചുവർത്തമാനവും, കത്തിനോടോപ്പമുണ്ടായ ലിസ്റ്റിന്റെ വലിപ്പവും, വിശേഷങ്ങളും അടുത്തമാസം വീട്ടിലെത്തിയാലുള്ള സന്തോഷവും, ഒത്തുകൂടലും വലിയൊരു തിരമാലകണക്കെ മനസ്സിന്റെ കരയിലടിച്ച് വീണ്ടും കടലിന്റെ മടിത്തട്ടിലേക്ക് തന്നെ മടങ്ങിപോയി. മനസ്സിന്റെ വിങ്ങലുകൾക്കനുസരിച്ചു തന്നെയാവണം പാത്രത്തിലെ വെള്ളവും വേഗം തിളച്ചു. പുറത്തു നല്ലവണ്ണം മഞ്ഞുള്ളതിനാൽ, സൈകിളിന്റെ ഡൈനാമോക്ക് മുകളിൽ കെട്ടുന്ന തുണി കണക്കെ, മഫ്ലർ എടുത്തു തലയ്ക്കു കുറുകെ വലിച്ചു കെട്ടി. സൈക്കിളിൽ, ഒരു കാലു കുത്തി, വീണ്ടും ഒരു ബീഡിക്ക് കൂടി തീ കൊളുത്തി. ആഞ്ഞു ചവിട്ടി, ചുണ്ടിൽ എരിയുന്ന ബീഡിയുമായി, പുലർകാലത്ത് ചൂളം വിളിച്ചു പോകുന്ന കൽകരി വണ്ടിയുടെ കുഴലിൽ നിന്നും പോകുന്ന പുക കണക്കെ, ‘അബു’വിന്റെ തലയ്ക്കു മുകളിലൂടെ വെളുത്ത പുകചുരുളുകൾ ചെറിയ വളയങ്ങൾ തീർത്തു കൊണ്ട് പിന്നിട്ടു കൊണ്ടിരുന്നു. പത്രകെട്ടുകൾ എത്തിയിട്ടുണ്ടാകും. അടുക്കി തരം തിരിച്ചുവെച്ചു വിതരണം തുടങ്ങുമ്പോഴേക്കും മണി നാല് കഴിയും. “ഇതിഹാദ്, ഖലീജൽ അറബ്, ഖലീജ്‌ ടൈംസ്, ഗൾഫ് ന്യൂസ്‌, ഗൾഫ് ടുഡെ” അങ്ങിനെയിവിടുത്തെ പ്രമുഖ പത്രങ്ങളെല്ലാം ഉണ്ട് വിതരണത്തിന്. വര്ഷങ്ങളായി ഇവിടെത്തന്നെ പത്രകച്ചവടം നടത്തുന്നതിനാൽ, സിഗ്നലിൽ നിറുത്തുന്ന വണ്ടികളിലുള്ളവരെയെല്ലാം അബു’വിനു നല്ല പരിചയമുണ്ട്, അവര്ക്ക് അബുവിനെയും. സിഗ്നൽ ചുവക്കുമ്പോൾ ‘അബു’ നിരത്തിലിറങ്ങും. ഓരോ വണ്ടിയുടെയും നിറവും രൂപവും നോക്കി മാറി മാറി അവർക്ക് വേണ്ട പത്രങ്ങൾ കൈമാറും. അപ്പപ്പോൾ പൈസ കിട്ടിയില്ലെങ്കിലും, പിറ്റേ ദിവസമോ ഒന്നിച്ചോ ആയി കിട്ടാറുള്ളതിനാൽ അങ്ങിനെ ഒരാവലാതിയും ഇല്ല. ഓരോ തവണ സിഗ്നൽ പച്ച കത്തുമ്പോഴും റോഡ്‌ അരികിൽ കയറിനിന്ന് അടുത്ത പത്രകെട്ട് എടുത്തു തയ്യാറായി നിൽക്കും. പക്ഷെ ഇന്നെന്തോ മനസ്സ് നൂലു പൊട്ടിയ പട്ടംപോലെ മേഞ്ഞു നടക്കുന്നു, ഒരിടത് നിന്നും മറ്റൊരിടത്തേക്ക്, അല്ല അതിലും ഉയരത്തിലേക്ക്, പിടിച്ചു നിറുത്താൻ നിവൃത്തിയില്ലാതെ.! ആ കയങ്ങളിൽ നാം ഇറങ്ങിയൊന്നു തപ്പിനോക്കിയാൽ ഒരുപക്ഷെ വീട്ടിൽ നിന്നും വന്ന കത്തും, കാസറ്റും വിവരണങ്ങളും, പരിഭവവും സ്നേഹവും അടങ്ങിയ മുത്തും ചിപ്പിയും, കല്ലും കരടുമെല്ലാം കണ്ടെത്തിയേക്കും. സാധങ്ങളുടെ നീണ്ട ലിസ്റ്റും, പ്രതീക്ഷയോടെ കാത്തു നിൽകുന്ന മക്കളും, കുടുംബത്തിലെ മറ്റുള്ളവരും, അയാളെ ഒരിക്കലും ആലോസരപ്പെടുതിയിരുന്നില്ല. എങ്കിലും ഇത് വരെയും നേരിട്ട് കാണാൻ കഴിയാത്ത, കരച്ചിലായും പാട്ടായും കൊഞ്ചിപ്പറച്ചിലും മാത്രം കേൾക്കാൻ മാത്രം സാധിച്ച രണ്ടര വയസ്സുകാരിയും, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം തരപ്പെടുത്തു- ന്നതിനിടയിൽ, സ്വയം ജീവിക്കാൻ മറന്നുപോയപ്പോൾ അടക്കിവെക്കപ്പെട്ട തന്റെയും സഹധർമ്മിണിയുടെ വികാരങ്ങളും വിചാരങ്ങളുമാണ് പരിഭവങ്ങളായി ഏറെയും അലട്ടിയത്. സിഗ്നൽ വീണ്ടും ചുവന്നു, അടുത്ത കൂട്ടം വാഹനങ്ങൾ നിന്ന് തുടങ്ങി. പരിചയമില്ലാത്ത ഒരു കാറിൽ നിന്നും 'ഗൾഫ് ന്യൂസ്‌' എന്ന വിളി കേട്ടാണ് ചെന്നത്. പത്രത്തിന്റെ കാശു മേടിക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ, താഴ്ത്തിയ വിന്ഡോ ഗ്ലാസ്സിലൂടെ, മുലയൂട്ടുന്നൊരു മാതാവിനെയും, കുനിഞ്ഞു നോക്കുന്ന തന്നോട് തന്നെ പുഞ്ചിരിച്ചു കിടക്കുന്നൊരു കുഞ്ഞിനേയും ‘അബു’ കണ്ടു. ഒരു കയ്യിൽ സ്റ്റിയരിങ്ങും മറുകൈ കൊണ്ട് കുഞ്ഞിന്റെ തലയിൽ പരിലാളിക്കുന്നൊരു പിതാവിനെയും..!!! ‘അബു’വിന്റെ മനസ്സിലെ മുരള്‍ച്ച, വികാര വേലിയേറ്റ തള്ളിച്ചയിൽ ചിലപ്പോഴൊക്കെ ഇളകി മറിഞ്ഞു. ഒരു പിതാവെന്ന, ഭർത്താവെന്ന പദവിഏറ്റെടുത്തതത്രയും ഇനി ഇവിടുന്നങ്ങോട്ട്‌ ഏറ്റെടുക്കാനും കഴിയാത്തത്ര ഭാരത്തിലായ വലിയ പാറക്കല്ല് പോലെ. പച്ച കത്തിയതറിയാതെ, വാഹനങ്ങൾ നീങ്ങി തുടങ്ങിയതറിയാതെ ഏതോ മായാലോകത്തെന്നപോലെ നിന്ന ആ നിമിഷം, ‘അബു’വിന്റെ ശീരവും പത്രകെട്ടുകളും തട്ടി തെറിപ്പിച്ചു കൊണ്ടൊരു വാഹനം അതിവേഗത്തിൽ കടന്നു പോയെങ്കിലും, വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്ക് ചെയതു റോഡിലുരഞ്ഞു കൊണ്ട് നിന്നു. അപ്പോഴേക്കും ചിതറിയ പത്രക്കെട്ടുകളിൽ ചോരയുടെ നിറം കിനിഞ്ഞു തുടങ്ങിയിരുന്നു.

No comments:

Post a Comment