പാലാക്കാട് ജില്ല,പട്ടിത്തറ ദേശത്ത് ഭാരതപുഴയുടെ തീരത്ത് താമസം.. പട്ടിത്തറ ജി.എല്‍.പി.സ്കൂള്‍, ആലൂര് എ.എം.യു.പി, പൊന്നാനി എം.ഐ.എച്ച്.എസ്, തൃത്താല ഹൈസ്കൂള്‍...പ്രീ ഡിഗ്രി അസ്സബഹ് പാവിട്ടപ്പുറം നിന്നും, ഡിഗ്രി പഠനം മലപ്പുറം ഗവ. കോളേജിലും..തുടര്‍ന്ന് നിയമ വിദ്യാഭ്യാസതിന്നു തൃശ്ശൂര്‍ ഗവ. ലോ കോളേജിലും, ബിരുദത്തിനു ശേഷം ഒറ്റപ്പാലം ബാര്‍ അസോസിയേഷനില്‍ അഭിഭാഷക ജോലിയില്‍ രണ്ടു വര്‍ഷം സേവനം..
Tuesday, September 23, 2014
കാളവണ്ടി:
പണ്ട് കാലം മുതൽക്കേ മനുഷ്യൻ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ് കാളവണ്ടി. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് കേരളത്തിൽ, എന്തിനു ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി ഉണ്ടായിരുന്നു. പഴയ കാലത്തെ പ്രമാണികൾ യാത്രചെയ്യാനും, അതിനു ശേഷം ഇത് പിന്നീട് സാധനങ്ങൾ കൊണ്ടു പോകുന്നതിനുമായി ഈ വാഹനം ഉപയോഗിചു പോന്നു.
ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. മരത്തിന്റെ രണ്ടു വലിയ ചക്രങ്ങളും, അതിനെ ചുറ്റി മരത്തിനു തേയ്മാനം സംഭവിക്കതിരിക്കാനും കല്ലിലടിച്ച് മരം കേടു വരാതിരിക്കാനുമായി ഇരുമ്പിന്റെ പട്ട കൊണ്ടു ഒരു കവചം കൂടിയുണ്ടാവും.
ഇനി ആ കാളകളെ വർണ്ണിക്കുകയാണെങ്കിൽ നല്ല പരിചരണം കിട്ടുന്ന കൊഴുത്ത, എപ്പോഴും കഴുകി വൃത്തിയാക്കിയ, ചന്തത്തിൽ നിവർന്ന കൊമ്പുകൾ ഉള്ള, അതിന്മേൽ അലങ്കാരതുണിയും, മണിയും കെട്ടിയ, ഒത്ത ശേലുള്ള ഉശിരൻ കാളകൾ. അവയുടെ കാലിന്നടിയിൽ കുളമ്പിന് കേടുവരാതിരിക്കാനായി ഇരുമ്പിന്റെ തകിട്, ആണി കൊണ്ട് അടിച്ചുറപ്പിച്ച 'ലാടൻ' തറക്കുന്ന ഒരു എര്പാടുണ്ട്. ഇങ്ങിനെ ചെയ്താൽ എനിക്ക് നല്ല സുഖമുണ്ടെന്ന്, ഏതെങ്കിലും കാള പറഞ്ഞിട്ടാണോ ഇത് ചെയ്യുന്നതെന്ന് പലതവണ ഞാൻ ശങ്കിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച ഇതൊരു ക്രൂരതയാണ് ഇപ്പോഴും..!!
രാത്രി കാലങ്ങളിൽ കൂടി ദൂരയാത്ര ചെയ്യുന്ന വാഹങ്ങളാണെങ്കിൽ അതിനു ‘റ’ രീതിയിൽ പ്ലാസ്ടികിന്റെ വെള്ള ചാക്ക് കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു മേൽക്കൂരയും കൂടി ഉണ്ടാവും. പിന്നിൽ ചക്രങ്ങൾക്ക് വിലങ്ങനെ കെട്ടിയിട്ട തേക്കിന്റെയോ, വാകയുടെയോ ഒരു മരക്കട്ടയുണ്ടാവും. ഉറപ്പുള്ള കയറിട്ടു ആ കയറിന്റെ ഒരറ്റം മുന്നിലേക്ക് ബന്ധിചിട്ടുണ്ടാവും, അതിൽ കാലു കൊണ്ടു ചവിട്ടിയാണ് ഇറക്കത്തിലും, കാളകൾ വേഗത കൂട്ടുമ്പോഴും മറ്റും വേഗത നിയന്ത്രിച്ചിരുന്നത്. ഇത് പ്രയോഗിക്കുമ്പോൾ ഇരുമ്പും മരവും (ബ്രേക്കും) കൂടി ഉരയുന്ന വല്ലാത്തൊരു ശബ്ദമുണ്ടാക്കും.
നമ്മുടെ ഊടുവഴികളിലൂടെ പോകുന്ന ഈ വണ്ടികളുടെ ബ്രേക്കിന്റെ ശബ്ദവും കാളകളുടെ കൊമ്പിലെ മണിയുടെ കിലുക്കവും കേട്ടാണ് മിക്കവാറും, കൊച്ചു കുട്ടികളായ ഞങ്ങൾ ഇതിന്റെ പിറകിൽ എന്തിനെന്നില്ലാതെ കുറെ ദൂരം നടന്നും ഓടിയും, ചിലപ്പോൾ കാളവണ്ടിക്കാരൻ കാണാത്തപ്പോൾ മൂപ്പരെ പറ്റിച്ചുവെന്ന മട്ടിൽ പിറകിൽ തൂങ്ങിയും പോയ്കൊണ്ടിരിക്കും. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ കിലോ മീറ്റര്കളോളം താണ്ടിയിട്ടുണ്ടാവും ഞങ്ങടെ ഈ കുട്ടിപ്പടയും..!!! പിന്നെ ഒരു തിരിഞ്ഞോട്ടമാണ്. ചെറിയ ചാറ്റൽ മഴ ഉണ്ടായിട്ടുണ്ടെങ്കിൽ വഴി നീളെ, ഈ ചക്രങ്ങൾ കൊണ്ട് സമാന്തരമായ രണ്ടു ചാലുകൾ ഉണ്ടായിട്ടുണ്ടാവും, അതിലേക്കു ചാറികൊണ്ടിരിക്കുന്ന മഴതുളികൾ അത് ഭംഗിവരുത്തുകയെന്നോണം രണ്ടു ജലരേഖ യാക്കിയിട്ടുണ്ടാവും..!!!
മണ്ണിട്ട റോഡിലൂടെ കുണ്ടുകളിലും കുഴികളിലും ചാടി ആടിയാടി പോകുമ്പോൾ, അടിയിൽ തൂക്കിയിട്ട റാന്തൽ വിളക്ക് കിടന്നു ഉലയും, ഒരു പെൻഡുലം കണക്കെ. അടിയിലെ ബെർത്തിൽ കുറച്ചു വൈകോലും കാളകൾക്ക് കൊടുക്കുവാനുള്ള തവിടും ഉണ്ടാകും.
കുഴൽമന്ദം ചന്തയിലും, വാണിയംകുളം ചന്തയിലും, പെരുമ്പിലാവ് ചന്തയിലും മാറി മാറി അവിടുന്ന സാധനങ്ങളുമായി തൃശൂർ, കൊടുങ്ങല്ലൂർ, എറണാകുളം വരെയുമെല്ലാം എത്തും. നിറുത്താതെയുള്ള യാത്ര ചിലപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾ നീളും. ഈ വണ്ടികൾ അങ്ങോട്ട് പോകുമ്പോൾ ചന്തയിൽ കൊടുക്കുവാനുള്ള സാധനങ്ങളുമായും, തിരിച്ചു വരുമ്പോൾ അവിടുന്ന് നാട്ടിൻ പുറത്തേക്കുള്ള സാധങ്ങളുമായും എപ്പോഴും വണ്ടി നിറഞ്ഞു തന്നെയായിരിക്കും. ഇവരാണ് ഗ്രാമവും നഗരവും തമ്മിലുള്ള ഞങ്ങടെ നാട്ടിൻപുറത്തുകാരുടെ കണ്ണി. അത് കൊണ്ട് തന്നെ പഴയ കാലത്തെ വണ്ടിക്കാരെല്ലാം നല്ല അംഗീകാരം ഉള്ളവരും ആയിരുന്നു.
ഇത്തരം യാത്രകളിൽ ഇവര്‍ക്ക് ധാരാളം ചതികളും നേരിടാരുണ്ട്, ഞങ്ങടെ നാട്ടിലെ ഒരു വണ്ടിക്കാരന് പറ്റിയ ചതി:
കൊടുങ്ങല്ലൂർ പോയി സാധനം കൊടുത്ത് മടങ്ങി വരുമ്പോൾ, ഗുരുവായൂര്‍ നിന്നും ഒരു യാത്രക്കാരനേം കിട്ടിയത്രേ. സാധാരണ ഇത്തരം യാത്രയിൽ, ഒരാളു കൂടെ ഉണ്ടാവും, ഒരു പകരകകരനായി. അന്ന് അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. എങ്കിലൊരു കൂട്ടായിക്കോട്ടേയെന്നു കരുതിയാണ് സമ്മതിച്ചത്.
ഗുരുവായൂർ കഴിഞ്ഞു കാണുന്ന വലിയ കുളത്തിനടുത്ത് വണ്ടി നിറുത്തി കാളകൾക്ക് വൈകോലും, വെള്ളവും കൊടുത്തു വിശ്രമിച്ചിട്ട് പോകാം എന്നെൻറെ നാട്ടുകരാൻ പറഞ്ഞപ്പോഴും യാത്രക്കാരന് വിഷമം ഉണ്ടായില്ല. ഉറക്കം കഴിഞ്ഞപ്പോഴും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരനിൽ വിശ്വാസം വന്നപ്പോൾ, എന്നാൽ ഞാനൊന്ന് മുങ്ങിയിട്ട് (കുളത്തിൽനിന്നും കുളിച്ചിട്ടു) വരാമെന്ന് പറഞ്ഞു, നാട്ടിൽ നിന്നും കുരുമുളകും അടക്കയും കൊണ്ട്പോയി വിറ്റു കിട്ടിയ പൈസയടങ്ങിയ ബെൽറ്റും സാധങ്ങളും ഏൽപിച്ചു, മുങ്ങാൻ പോയി.. മുങ്ങി നിവർന്നപ്പോൾ യാത്രക്കാരാൻ പൈസ അടങ്ങിയ ബെൽട്ടുമായി മുങ്ങിയാത്രെ.
ഈ പേര് ഇന്നും അവർ പേറി നടക്കുന്നു, "മുങ്ങൽ" എന്ന.............
ഇന്ന് ലോക സൈക്കിൾ ദിനം:
എൻറെ കുട്ടിക്കാലത്തെ അതിസാഹസികതയെന്നാൽ, വല്ലപ്പോഴും കൂട്ടം കൂടി ഒഴിവു ദിവസങ്ങളിൽ ഭാരതപുഴയിൽ പോയി ചാടിമറിയുക, അല്ലെങ്കിൽ ഒരു സൈകിളുമെടുത്തു 2 മണിക്കൂറെങ്കിലും ചവിട്ടി തീർക്കുക എന്നതൊക്കെയായിരുന്നു. ഇന്ന് കാണുന്ന റെന്റ്-എ-ബൈകിനും, റെന്റ്-എ-കാറിനും ഞങ്ങടെ നാട്ടിൽ തുടക്കമിട്ടവരിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന ആലൂരിലെ സദുവേട്ടൻ, ബക്കർക്ക, ഗോവിന്ദൻ നായരുമൊക്കെയായിരുന്നു പ്രചോദനം. അന്നും വാടകയ്ക്ക് കിട്ടണമെങ്കിൽ എവിടുത്തെ കുട്ടിയാണ്, എങ്ങോട്ടാണ് പോകുന്നത്, എവിടുന്നാണ് പൈസ തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ഉത്തരം നല്‍കണം... അല്ലെങ്കിൽ പിന്നാലെ വരുന്ന രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് സൈക്കിൾ ഷോപ്പ്കാരനും മറുപടി കൊടുത്തു മടുക്കും. അര മണിക്കൂറിനു 50 പൈസയും, 1 മണിക്കൂറിനു 1 രൂപയുമെന്ന തോതിലായിരുന്നു വാടക.
ഇടയിൽ ബ്രേക്ക്ഡൌണ്‍ ആയാലും വാടകപൈസ മുഴുവൻ കൊടുക്കണം, വാടക സമയമായ ഒരു മണിക്കൂറിൽ മിക്കപ്പോഴും ആഞ്ഞു ചവിട്ടിയാൽ ചങ്ങല കുടുങ്ങിയും, ഇടയ്ക്കു പഞ്ചർ ആയും സമയം തീർക്കും. കൂട്ടത്തിൽ സീറ്റ് ഇളകിയതും, പെഡലിന്റെ ചവിടുന്ന സ്റെപ്പിനു പകരം സ്റ്റീലിന്റെ ഒരു കമ്പി മാത്രമേ ഉണ്ടാകൂ. ബ്രേക്ക് എന്ന സാധനം പേരിനു മാത്രമുള്ളവയും ഇവിടുന്നു പിടിച്ചാൽ അടുത്ത വേലിപൊന്തയിൽ പോയിട്ടേ നിൽകൂ. ഹാൻഡിൽ ഇടയ്ക്കിടെ ലൂസ് ആയി കോടിയുള്ളവയുമായിരിക്കും, മിക്കവയും. ഹോണ്‍ ആയ ബെൽ മാത്രം അടിഞ്ഞു ശബ്ദമുണ്ടാക്കില്ലെങ്കിലും, ബാക്കി ഭാഗങ്ങളൊക്കെ തന്നെ കട കടാ ശബ്ദം ശബ്ദമുണ്ടാക്കും. എങ്കിലും ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നില്ല, അത് കിട്ടാൻ തന്നെ മത്സരവുമായിരുന്നു.
ഹൈസ്കൂൾ കാലം, സമരം കൊണ്ടോ മറ്റോ ഞങ്ങൾക്കന്നു സ്കൂൾ ഉണ്ടായിരുന്നില്ല. കരുതി വെച്ചിരുന്ന 1 രൂപയെടുത്ത് ബകർക്കാന്റെയടുത്തു പോയി, അവിടുന്നൊരു ഫുൾ വണ്ടിയുമെടുത്ത് (അന്ന് കാൽ വണ്ടി, അര വണ്ടി, മുക്കാൽ വണ്ടി എന്നൊക്കെ വിവിധ ഹൈറ്റിൽ സൈക്കിൾ ഉണ്ടായിരുന്നു, ഞങ്ങൾ അങ്ങിനെയാണ് വിളിച്ചിരുന്നത്) ആലൂരിലേക്ക്..!! മറ്റൊന്നും കൊണ്ടല്ല, ഞാൻ പഠിച്ച സ്കൂളിന്റെ മുന്നിലൂടെ അധ്യാപകരെയൊക്കെ കാണിച്ചു, നിവർന്നിരുന്നു കൈയൊക്കെ വിട്ടുകൊണ്ടൊരു സൈക്കിൾ സവാരി, അതായിരുന്നു ലക്ഷ്യം. സംഗതി ആകെ പുലിവാലായി, സ്കൂൾ വിട്ട സമയം, റോഡ് ആണെങ്കിൽ ആ ഭാഗം മുതൽ കുത്തനെ ഇറക്കമാണ്. ബ്രേക്ക് അതുവരേം പിടിച്ചു നോക്കേണ്ടി വന്നിട്ടില്ലതതിനാൽ പ്രയോഗിചിട്ടുണ്ടായിരുന്നില്ല, ഇവിടെ അതു ശരിയാകില്ല, കുട്ടികൾ റോഡിൽ നിറയെ പരന്നൊഴുകുന്നു, ബെൽ അടിച്ചു, മണി അടിയുന്നില്ല...!!!! ബ്രേക്ക് പിടിച്ചു, സൈക്കിൾ നിൽകുന്നില്ല...!!! അവസാനം ഒന്ന് രണ്ടു സ്കൂൾ കുട്ടികളേം ഇടിച്ചു തെറിപ്പിച്ചു കൊണ്ട്, അടുത്ത കാനയിലേക്ക് ‘പ്ധീം, ‘ദേ കിടക്കുന്നു’.
കുഞ്ഞുങ്ങളുടെ ചുണ്ടിൽ നാരങ്ങ നീര് തേച്ച പോലെ, ഒരു മ്ണാഞ്ചൻ ചിരി പാസാക്കി ചുറ്റും പരിചയക്കാർ ആരെങ്കിലും കണ്ടോ എന്ന് നോക്കി. അറിയുന്നവരും മുതിർന്നവരും, ഇല്ലെന്നുറപ്പ് വരുത്തി സൈക്കിളെടുത്തുകൊണ്ട്, ഇടിച്ചു തെറിപ്പിച്ച കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, കാൽമുട്ട് കാനയിൽ ഇടിച്ചു മുഴച്ചത് ഒന്നമര്‍ത്തി തടവാൻ നിൽകാതെ, വേദന കടിച്ചമർത്തി സ്ഥലം വിട്ടു.
ഒരു മണിക്കൂറിനെടുത്ത സൈകിൾ 10-20 മിനിട്ടിനുള്ളിൽ തന്നെ തിരിചെത്തിച്ചപ്പോൾ “ഇതാ അര മണിക്കൂർ കഴിഞ്ഞു ബാക്കി 50 പൈസ വേണ്ടേ” എന്ന ബക്കര്ക്കാടെ ചോദ്യത്തിന് പോലും നിൽക്കാതെ സൈകിൾ വെച്ചോടി, അതുവരെ സഹിച്ച വേദന ഇപ്പൊ എനിക്ക് താങ്ങുന്നില്ല, ഇടവഴിയിലൂടെ കരഞ്ഞു കൊണ്ട് തന്നെ മുടന്തി വേച്ചു വേച്ചു വീട്ടിലേക്കു പോയി. കാലു മുഴച്ചത് കണ്ടു, ഉമ്മ മനസ്സിൽ വിഷമം, തൈലം പുരട്ടി, വേറെ ഒന്ന് രണ്ടിടത് തോൽ ഉരഞ്ഞത് തുടച്ചു വൃത്തിയാക്കി, ഉപ്പ കണ്ടാൽ നിന്നെ ചീത്ത പറയില്ലേ എന്നും പറഞ്ഞു ഒരിടത്തു കിടത്തി..
ആ കിടപ്പിൽ അങ്ങിനെ അധികം നേരമായിട്ടുണ്ടാവില്ല, പടിക്കൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും, കൂടെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് രണ്ടു ശബ്ദങ്ങളും. ചെവിയോർത്തപ്പോൾ, അത്യാവശ്യം ആളുകളുണ്ട്, ഒരു ചെറിയ സംഘം തന്നെ. കാര്യം എനിക്ക് പിടി കിട്ടി, നെഞ്ചിന്റെ പടപടപ്പ് കൂടി..!! കുഴഞ്ഞു വീഴും പോലെ തോന്നി, ഇപ്പോൾ എൻറെ കാലുകൾക്ക് ഓടാനുള്ള ശക്തിയില്ല, പോരാത്തതിന് വേദനയും…… അല്ലെങ്കിൽ ഒന്നോടാമായിരുന്നു..
മാഷില്ലേ ഇവിടെ? പൂമുഖം വഴി ആരാണെന്നും ചോദിച്ചു കൊണ്ട് ഉപ്പ പുറത്തിറങ്ങി. സാക്ഷിയായി വന്ന എൻറെ സഹപാഠിയുടെ അനിയൻ കുട്ടി (അവനെന്നെ കണ്ടിരിക്കുന്നു, നന്നായി അറിയാമായിരുന്നു) എൻറെ വീരകൃത്യം കൃത്യമായി വിശദീകരിച്ചു കൊടുക്കുന്നു. പിന്നെ അകതെക്കൊരു വരവായിരുന്നു, കൊടും കാറ്റ് കണക്കെ, തിരിച്ചു പുറത്തേക്കു വരുമ്പോൾ ഒരു കയ്യിൽ നിലത്തു കൂടെ എന്നെ വലിചിഴച്ചും കൊണ്ട്. അകമ്പടിയായി “പ്തോം” “പ്തോം” എന്ന ശബ്ദത്തിൽ പുറത്തും കയ്യിനുമോക്കെയായി പതക്കങ്ങളും.. ഉമ്മ മധ്യസ്ഥതിനു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. ശുഭം..
ഒരു ചെറുകഥ:
പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ അലാറം പതിവ് മണിയടിച്ചു. എങ്കിലും കണ്ണ് തെളിയാത്തത് കൊണ്ട് എ.സിയുടെ തണുപ്പിൽ കമ്പിളിയിലേക്ക് തല ഒന്ന്കൂടി പൂഴ്ത്തി വെച്ച്, കണ്ണടച്ചുവെങ്കിലും മിനിട്ടുകൾക്കകം തന്നെ വീണ്ടും ഉണർന്നു.
മറ്റുള്ളവർക്ക് ശല്യമാകണ്ടെന്നു കരുതി മുറിയിലെ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ വാതിൽ പതുക്കെ തള്ളി തുറന്നു പുറത്തേക്ക് കടന്നു. തലക്കരികെ വെച്ചിരുന്ന ബീഡിയും ലൈറ്ററും എണീറ്റ് പോരുമ്പോൾ, തപ്പി കയ്യിലെടുത്തിരുന്നു.
കൈ രണ്ടും മുകളിലേക്കുയർത്തി, നടുനിവർന്നു, അലസത മാറ്റാനായി വലിയൊരു 'കോട്ടുവാ' വിട്ട ശേഷം, കയ്യിലെ ലൈറ്റര്കൊണ്ട് തന്നെ സ്റ്റൗവിൽ ചായക്കു വെള്ളം കത്തിച്ചു. പ്രകൃതിയുടെ വിളിക്കുത്തരം കൊടുക്കണമെങ്കിൽ ചൂടുള്ള ചായയും പിന്നൊരു ബീഡി പുകയും അകത്തേക്ക് ചെല്ലണം; അതാണ് പതിവ്…!!
ചായ തിളയ്ക്കുന്നതിനെടുക്കുന്ന കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ, ഇന്നലെ വായിച്ച കത്തിലെ വരികളും, റെക്കോർഡ് ചെയ്തു കൊടുത്തയച്ച കാസറ്റിലെ കുഞ്ഞുമോളുടെ കിളികൊഞ്ചലും, പാട്ടും, കൊച്ചുവർത്തമാനവും, കത്തിനോടോപ്പമുണ്ടായ ലിസ്റ്റിന്റെ വലിപ്പവും, വിശേഷങ്ങളും അടുത്തമാസം വീട്ടിലെത്തിയാലുള്ള സന്തോഷവും, ഒത്തുകൂടലും വലിയൊരു തിരമാലകണക്കെ മനസ്സിന്റെ കരയിലടിച്ച് വീണ്ടും കടലിന്റെ മടിത്തട്ടിലേക്ക് തന്നെ മടങ്ങിപോയി. മനസ്സിന്റെ വിങ്ങലുകൾക്കനുസരിച്ചു തന്നെയാവണം പാത്രത്തിലെ വെള്ളവും വേഗം തിളച്ചു.
പുറത്തു നല്ലവണ്ണം മഞ്ഞുള്ളതിനാൽ, സൈകിളിന്റെ ഡൈനാമോക്ക് മുകളിൽ കെട്ടുന്ന തുണി കണക്കെ, മഫ്ലർ എടുത്തു തലയ്ക്കു കുറുകെ വലിച്ചു കെട്ടി. സൈക്കിളിൽ, ഒരു കാലു കുത്തി, വീണ്ടും ഒരു ബീഡിക്ക് കൂടി തീ കൊളുത്തി. ആഞ്ഞു ചവിട്ടി, ചുണ്ടിൽ എരിയുന്ന ബീഡിയുമായി, പുലർകാലത്ത് ചൂളം വിളിച്ചു പോകുന്ന കൽകരി വണ്ടിയുടെ കുഴലിൽ നിന്നും പോകുന്ന പുക കണക്കെ, ‘അബു’വിന്റെ തലയ്ക്കു മുകളിലൂടെ വെളുത്ത പുകചുരുളുകൾ ചെറിയ വളയങ്ങൾ തീർത്തു കൊണ്ട് പിന്നിട്ടു കൊണ്ടിരുന്നു.
പത്രകെട്ടുകൾ എത്തിയിട്ടുണ്ടാകും. അടുക്കി തരം തിരിച്ചുവെച്ചു വിതരണം തുടങ്ങുമ്പോഴേക്കും മണി നാല് കഴിയും. “ഇതിഹാദ്, ഖലീജൽ അറബ്, ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്, ഗൾഫ് ടുഡെ” അങ്ങിനെയിവിടുത്തെ പ്രമുഖ പത്രങ്ങളെല്ലാം ഉണ്ട് വിതരണത്തിന്. വര്‍ഷങ്ങളായി ഇവിടെത്തന്നെ പത്രകച്ചവടം നടത്തുന്നതിനാൽ, സിഗ്നലിൽ നിറുത്തുന്ന വണ്ടികളിലുള്ളവരെയെല്ലാം അബു’വിനു നല്ല പരിചയമുണ്ട്, അവര്‍ക്ക് അബുവിനെയും. സിഗ്നൽ ചുവക്കുമ്പോൾ ‘അബു’ നിരത്തിലിറങ്ങും. ഓരോ വണ്ടിയുടെയും നിറവും രൂപവും നോക്കി മാറി മാറി അവർക്ക് വേണ്ട പത്രങ്ങൾ കൈമാറും. അപ്പപ്പോൾ പൈസ കിട്ടിയില്ലെങ്കിലും, പിറ്റേ ദിവസമോ ഒന്നിച്ചോ ആയി കിട്ടാറുള്ളതിനാൽ അങ്ങിനെ ഒരാവലാതിയും ഇല്ല.
ഓരോ തവണ സിഗ്നൽ പച്ച കത്തുമ്പോഴും റോഡ് അരികിൽ കയറിനിന്ന് അടുത്ത പത്രകെട്ട് എടുത്തു തയ്യാറായി നിൽക്കും. പക്ഷെ ഇന്നെന്തോ മനസ്സ് നൂലു പൊട്ടിയ പട്ടംപോലെ മേഞ്ഞു നടക്കുന്നു, ഒരിടത് നിന്നും മറ്റൊരിടത്തേക്ക്, അല്ല അതിലും ഉയരത്തിലേക്ക്, പിടിച്ചു നിറുത്താൻ നിവൃത്തിയില്ലാതെ.! ആ കയങ്ങളിൽ നാം ഇറങ്ങിയൊന്നു തപ്പിനോക്കിയാൽ ഒരുപക്ഷെ വീട്ടിൽ നിന്നും വന്ന കത്തും, കാസറ്റും വിവരണങ്ങളും, പരിഭവവും സ്നേഹവും അടങ്ങിയ മുത്തും ചിപ്പിയും, കല്ലും കരടുമെല്ലാം കണ്ടെത്തിയേക്കും. സാധങ്ങളുടെ നീണ്ട ലിസ്റ്റും, പ്രതീക്ഷയോടെ കാത്തു നിൽകുന്ന മക്കളും, കുടുംബത്തിലെ മറ്റുള്ളവരും, അയാളെ ഒരിക്കലും ആലോസരപ്പെടുതിയിരുന്നില്ല. എങ്കിലും ഇത് വരെയും നേരിട്ട് കാണാൻ കഴിയാത്ത, കരച്ചിലായും പാട്ടായും കൊഞ്ചിപ്പറച്ചിലും മാത്രം കേൾക്കാൻ മാത്രം സാധിച്ച രണ്ടര വയസ്സുകാരിയും, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം തരപ്പെടുത്തു- ന്നതിനിടയിൽ, സ്വയം ജീവിക്കാൻ മറന്നുപോയപ്പോൾ അടക്കിവെക്കപ്പെട്ട തന്റെയും സഹധർമ്മിണിയുടെ വികാരങ്ങളും വിചാരങ്ങളുമാണ് പരിഭവങ്ങളായി ഏറെയും അലട്ടിയത്.
സിഗ്നൽ വീണ്ടും ചുവന്നു, അടുത്ത കൂട്ടം വാഹനങ്ങൾ നിന്ന് തുടങ്ങി. പരിചയമില്ലാത്ത ഒരു കാറിൽ നിന്നും 'ഗൾഫ് ന്യൂസ്' എന്ന വിളി കേട്ടാണ് ചെന്നത്. പത്രത്തിന്റെ കാശു മേടിക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ, താഴ്ത്തിയ വിന്‍ഡോ ഗ്ലാസ്സിലൂടെ, മുലയൂട്ടുന്നൊരു മാതാവിനെയും, കുനിഞ്ഞു നോക്കുന്ന തന്നോട് തന്നെ പുഞ്ചിരിച്ചു കിടക്കുന്നൊരു കുഞ്ഞിനേയും ‘അബു’ കണ്ടു. ഒരു കയ്യിൽ സ്റ്റിയരിങ്ങും മറുകൈ കൊണ്ട് കുഞ്ഞിന്റെ തലയിൽ പരിലാളിക്കുന്നൊരു പിതാവിനെയും..!!!
‘അബു’വിന്റെ മനസ്സിലെ മുരള്‍ച്ച, വികാര വേലിയേറ്റ തള്ളിച്ചയിൽ ചിലപ്പോഴൊക്കെ ഇളകി മറിഞ്ഞു. ഒരു പിതാവെന്ന, ഭർത്താവെന്ന പദവിഏറ്റെടുത്തതത്രയും ഇനി ഇവിടുന്നങ്ങോട്ട് ഏറ്റെടുക്കാനും കഴിയാത്തത്ര ഭാരത്തിലായ വലിയ പാറക്കല്ല് പോലെ. പച്ച കത്തിയതറിയാതെ, വാഹനങ്ങൾ നീങ്ങി തുടങ്ങിയതറിയാതെ ഏതോ മായാലോകത്തെന്നപോലെ നിന്ന ആ നിമിഷം, ‘അബു’വിന്റെ ശീരവും പത്രകെട്ടുകളും തട്ടി തെറിപ്പിച്ചു കൊണ്ടൊരു വാഹനം അതിവേഗത്തിൽ കടന്നു പോയെങ്കിലും, വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്ക് ചെയതു റോഡിലുരഞ്ഞു കൊണ്ട് നിന്നു. അപ്പോഴേക്കും ചിതറിയ പത്രക്കെട്ടുകളിൽ ചോരയുടെ നിറം കിനിഞ്ഞു തുടങ്ങിയിരുന്നു.
Subscribe to:
Posts (Atom)